11:57pm 07 June 2026
NEWS
നടൻ സലിംകുമാർ അന്തരിച്ചു
07/06/2026  05:50 AM IST
nila
നടൻ സലിംകുമാർ അന്തരിച്ചു

മലയാളികളുടെ പ്രിയതാരവും ദേശീയ പുരസ്‌കാര ജേതാവുമായ നടൻ സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ രാത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയയെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 56 വയസ്സായിരുന്നു.

മുഖ്യമന്ത്രി വി.ഡി. സതീശന്റെ പറവൂരിലെ സ്വീകരണ ചടങ്ങിലായിരുന്നു സലിം കുമാർ അവസാനമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ജനങ്ങൾക്കൊപ്പം സജീവമായി തുടരാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

മിമിക്രി വേദികളിൽ നിന്ന് സിനിമയിലേക്ക് കടന്നുവന്ന സലിം കുമാർ, 1990-കളുടെ മധ്യത്തോടെ മലയാള സിനിമയിൽ സാന്നിധ്യം അറിയിച്ചെങ്കിലും 2000-കളോടെയാണ് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. വ്യത്യസ്തമായ ഹാസ്യശൈലിയിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച അദ്ദേഹം, പിന്നീട് ഗൗരവതരമായ കഥാപാത്രങ്ങളിലൂടെയും അസാമാന്യ അഭിനയപ്രതിഭ തെളിയിച്ചു.

ഹാസ്യനടൻ എന്ന ഇമേജിന് അതീതമായി ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് ദേശീയ പുരസ്‌കാരം വരെ നേടിയ സലിം കുമാർ, മലയാള സിനിമയിലെ അപൂർവ പ്രതിഭകളിൽ ഒരാളായി മാറി. അദ്ദേഹത്തിന്റെ നിരവധി സംഭാഷണങ്ങൾ ഇന്നും ട്രോളുകളിലും സോഷ്യൽ മീഡിയയിലും സജീവമാണ്.

1969 ഒക്ടോബർ ഒൻപതിന് വടക്കൻ പറവൂരിലാണ് സലിംകുമാർ ജനിച്ചത്. കൊച്ചിൻ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചു. ഉറ്റസുഹൃത്തായ നാദിർഷയാണ് സലിംകുമാറിനെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. 2000 ത്തിൽ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം സൂപ്പർഹിറ്റായതോടെ സലിംകുമാർ മലയാളിയുടെ മനസിലും ഇരിപ്പുറപ്പിച്ചു. മുന്നൂറിലേറെ സിനിമകളിൽ താരം നിറഞ്ഞുനിന്നു. കൂടാതെ കംപാർട്മെൻറ്, കറുത്ത ജൂതൻ, ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു. 

അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിനെ തേടിയെത്തിയിരുന്നു. ആദാമിൻറെ മകൻ അബുവിലൂടെ 2010 മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരവും അയാളും ഞാനും തമ്മിൽ എന്ന സിനിമയിലൂടെ 2013ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം അടക്കമുള്ളവ സലിം കുമാർ നേടിയിട്ടുണ്ട്. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img